ഉള്ളടക്കത്തിലേക്ക് പോവുക

ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lakshmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്ഷ്മി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലക്ഷ്മി (വിവക്ഷകൾ) എന്ന താൾ കാണുക. ലക്ഷ്മി (വിവക്ഷകൾ)
മഹാലക്ഷ്മി
ധനം, സമ്പത്ത്, ആഹാരം, ഐശ്വര്യം, വൃത്തി, ശുചിത്വം, വിജയം, അഭിവൃദ്ധി
മഹാലക്ഷ്മി
ദേവനാഗരിलक्ष्मी
Sanskrit Transliterationlakṣmī
Affiliationദേവി, പരാശക്തി, മഹാവിഷ്ണു, ഭഗവതി, ദുർഗ്ഗ
നിവാസംവൈകുണ്ഠം
ആയുധംശംഖ്, ചക്രം
ജീവിത പങ്കാളിമഹാവിഷ്ണു
Mountതാമരപ്പൂവ്

ഹൈന്ദവ വിശ്വാസപ്രകാരം സാമ്പത്തികത്തിന്റെയും ഐശ്വര്യത്തിന്റെ ഭഗവതിയാണ് ലക്ഷ്മി. ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മിദേവി എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം കാണാം. മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് മഹാലക്ഷ്മി അവതരിച്ചതെന്ന് വിശ്വാസം.

കയ്യിൽ താമരപ്പൂവും, സ്വർണ്ണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. രണ്ടു വെളുത്ത ആനകൾ ദേവിയുടെ ഇരുവശത്തുമായി നിൽക്കുന്നു.

എന്നാൽ ലക്ഷ്മിയിൽ നിന്ന് വ്യത്യസ്തമായി മഹാലക്ഷ്മി ആദിപരാശക്തിയായ ഭഗവതിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ്. ഇത് പ്രധാനമായും ശാക്തേയ വിഭാഗങ്ങളുടെ ആരാധനമൂർത്തിയാണ്. മഹാകാളി, മഹാസരസ്വതി എന്നിവരാണ് മറ്റ് രണ്ട് ഭാവങ്ങൾ.

മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളുണ്ട്. ഇവർ അഷ്ടലക്ഷ്മിമാർ എന്നറിയപ്പെടുന്നു. ആദിലക്ഷ്മി (മഹാലക്ഷ്മി അഥവാ ആദിപരാശക്തി), ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി (ധൈര്യലക്ഷ്മി അഥവാ ദുർഗ്ഗ), വിജയലക്ഷ്മി, വിദ്യാലക്ഷ്മി (സരസ്വതി) എന്നിവരാണ് അഷ്ട ലക്ഷ്മിമാർ.

ദീപാവലി, നവരാത്രി, തൃക്കാർത്തിക, പൗർണമി എന്നിവ വിശേഷ ദിവസങ്ങൾ. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, പാലക്കാട്‌ ഹേമാംബിക പോലെയുള്ള ചില ഭഗവതി ക്ഷേത്രങ്ങളിൽ മഹാലക്ഷ്മിയെ ആരാധിച്ചു കാണുന്നു.

അവതാരങ്ങൾ

[തിരുത്തുക]

വിഷ്ണുവിന്റെ പല അവതാരങ്ങളിലെ പത്നിയായി ലക്ഷ്മിയുടെ അവതാരവും കാണാം. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണിയായും രാധയായും ലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ, ഭാഗവതത്തിൽ പറയുന്നു. ദീപാവലി ലക്ഷ്മിയുടെ അവതാര ദിനമായി കണക്കാക്കപ്പെടുന്നു. [1]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ മകളായി കരുതുന്നു.

ഐതീഹ്യം

[തിരുത്തുക]

ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ദുർഗ്ഗയ്ക്കും, ഭുവനേശ്വരിയ്ക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. ‍മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി സർവ്വായുധധാരിയായി മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. നവരാത്രി, ദീപാവലി എന്നിവ മഹാലക്ഷ്മി പ്രധാനമാണ്.

മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'. ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അബലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി മഹിഷാസുരനെ അനുഗ്രഹിച്ചു. വരബലത്തിൽ അഹങ്കരിച്ച ഈ അസുരൻ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവൻമാരുടെ അപേക്ഷപ്രകാരം ത്രിമൂർത്തികൾ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി. അതാണ് മഹാലക്ഷ്മി. തുടർന്ന് ദേവിയും മഹിഷാസുരനും തമ്മിൽ യുദ്ധമാകുകയും, അസുരനെ ചണ്ഡിക വധിക്കുകയും ചെയ്തു.

മഹാലക്ഷ്മി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു.[2][3]

പ്രധാന ക്ഷേത്രങ്ങൾ

[തിരുത്തുക]

പ്രധാനപ്പെട്ട ചിലക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.

കേരളത്തിൽ

[തിരുത്തുക]
  • ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം
  • കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം
  • പാലക്കാട്‌ കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രം, എമൂർ
  • ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ
  • പഴയ കല്പാത്തി ലക്ഷ്മിനാരായണ ക്ഷേത്രം, പാലക്കാട്‌
  • ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം
  • ശാസ്‌തമംഗലം മഹാലക്ഷ്മി പ്രത്യംഗിരിദേവി ക്ഷേത്രം, തിരുവനന്തപുരം
  • മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം, നെയ്യാറ്റിൻകര
  • ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രം, കൊല്ലം
  • കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ചേർത്തല, ആലപ്പുഴ ജില്ല
  • പാഞ്ഞാൾ ലക്ഷ്മിനാരായണ ക്ഷേത്രം, തൃശൂർ
  • പാരിപ്പള്ളി വവ്വാക്കുന്ന് ലക്ഷ്മി നാരായണ ക്ഷേത്രം, കൊല്ലം
  • ശ്രീ അമരാവതി മഹാലക്ഷ്മി ക്ഷേത്രം, ചെങ്ങന്നൂർ.
  • പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം
  • കുറക്കോട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, വിനോദ് നഗർ, നെടുമങ്ങാട്
  • കുമ്പളപ്പള്ളി വരാഹി ദേവി ക്ഷേത്രം, മാരാരിക്കുളം വടക്ക്, ആലപ്പുഴ
  • വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, അന്തിക്കാട്, തൃശൂർ.
  • പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ.
  • മുണ്ടേരി ശ്രീ മഹാലക്ഷ്മി ക്ഷേത്രം
  • വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ

ഇന്ത്യയിൽ

[തിരുത്തുക]
  • കൊല്ലൂർ മൂകാംബിക, കർണാടക
  • കാഞ്ചിപുരം കാമാക്ഷി ക്ഷേത്രം, തമിഴ്നാട്
  • കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം, മഹാരാഷ്ട്ര
  • മുംബൈ മഹാലക്ഷ്മി ക്ഷേത്രം, മഹാരാഷ്ട്ര
  • ജമ്മുകശ്മീർ വൈഷ്ണോദേവി ക്ഷേത്രം
  • വെല്ലൂർ ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം, തമിഴ്നാട്

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

വെള്ളിയാഴ്ച, പൗർണമി എന്നിവ പ്രധാന ദിവസങ്ങൾ. നവരാത്രി, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ. ഇതിൽ ദീപാവലി, മുപ്പട്ടു വെള്ളിയാഴ്ച, നവരാത്രി എന്നിവ മഹാലക്ഷ്മിക്ക് അതീവ പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.

സ്തോത്രങ്ങൾ

[തിരുത്തുക]

കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, മഹാലക്ഷ്മി സ്തവം, ദേവിമാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം എന്നിവ ഭഗവതിയുടെ സ്തുതിക്കുന്ന സ്തോത്രങ്ങൾ ആണ്. [4]

അവലംബം

[തിരുത്തുക]
  1. http://www.sacred-texts.com/hin/m01/m01019.htm
  2. Encyclopaedia of Hindu gods and goddesses By Suresh Chandra http://books.google.co.in/books?id=mfTE6kpz6XEC&pg=PA199&dq=goddess+lakshmi
  3. http://www.festivalsinindia.net/goddesses/radha.html
  4. Kinsley, David (1988). Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions. University of California Press. ISBN 0-520-06339-2. p. 95.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി&oldid=4533603" എന്ന താളിൽനിന്ന് ശേഖരിച്ചത്